ഇസ്ലാമിലെ രാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത്

ഇതില്‍ കൊടുത്ത മൂന്ന് പോസ്റുകള്‍ വായിച്ചിരിക്കുമല്ലോ. ഈ ബ്ളോഗിലെ ചര്‍ച പ്രയാസമില്ലാതെ മുമ്പോട്ട് കൊണ്ടുപോകണമെങ്കില്‍ അത് സംബന്ധമായി ചില കാര്യങ്ങള്‍ക്ക് കൂടി വ്യക്തതവരുത്തേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.

('ഒരു മുസ്‌ലിമിനെ ആര്‍ ഭരിക്കണം അല്ലെങ്കില്‍ ഒരു മുസ്‌ലിം ആരാല്‍ ഭരിക്കപ്പെടണം, ഒരു മുസ്‌ലിം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനുള്ള അടിസ്ഥാനപരമായ ആധാരം എന്തായിരിക്കണം' എന്നതാണു ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ഇസ്‌ലാമില്‍ രാഷ്ട്രീയമായി ഒരൊറ്റ കാഴ്ച്ചപ്പാടേ ഉള്ളൂ. അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല. ദൈവിക വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായതൊന്നും ഒരാളില്‍ നിന്നും വരാന്‍ പാടില്ല. ഇത്‌ ഏതു രാജാവിന്റെ നാട്ടിലായാലും ഏത്‌ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും നാട്ടിലായാലും അപ്രകാരം തന്നെ. ഈ ആശയം മുസ്‌ലിം ലോകത്തെ ഈമാനും തഖ്‌വയും ഇസ്‌ലാമും ഉള്ള സകല മുസ്‌ലിങ്ങളും അംഗീകരിക്കുന്നു. ഈ ആശയമാണ്‌
لا طاعة لمخلوق في معصية الخالق 'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്‌. മനുഷ്യന്റെ മനസ്സിനേയും അന്തരംഗത്തേയും ദൈവികമായ വിശ്വാസം ഭരിക്കണം എന്നതിനേക്കാള്‍ പ്രാധാന്യമേറിയ മറ്റെന്തെങ്കിലും ഇസ്‌ലാമിലുണ്ട്‌ എന്ന്‌ മനസ്സിലാക്കുവാന്‍ പ്രയാസമാണ്‌... എന്നാല്‍ ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്തമേലകളെപ്പറ്റിയും സംസാരിക്കുന്നു' എന്നു പറഞ്ഞാണ്‌ ഇവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താറുള്ളത്‌.)

ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനി എഴുതിയ ലേഖനത്തിലെ മുഖ്യപരാമര്‍ശങ്ങളാണ് മുകളില്‍ കൊടുത്തത്. അവ ആലേഖനത്തിലെ പ്രധാനഭാഗമാണ് എന്ന് പറയാന്‍ കാരണം പ്രത്യേക നിറത്തില്‍ നല്‍കിയിരിക്കുന്നത് കൊണ്ടുകൂടിയാണ്. ഈ വിഷയം പ്രത്യേകമായി പഠിക്കേണ്ടതുണ്ട് എന്നത് കൊണ്ടാണ് ഈ ബ്ളോഗ് ആരംഭിച്ചത്. അതിനെ സാധൂകരിക്കുന്ന ഒരു ലേഖനമാണ് മദനി സാഹിബിന്റെത്. ഒരു മുസ്ലിമിന്റെ മനസ്സിനെ ഭരിക്കേണ്ടത് അല്ലാഹുവിലുള്ള വിശ്വാസമാണ്. ഒരു മുസ്ലിം ആര്‍ ഭരിക്കണം ആരാല്‍ ഭരിക്കപ്പെടണം അതിനുള്ള അടിസ്ഥാന ആധാരം എന്തായിരിക്കണം എന്നൊക്കെയാണ് ഇസ്ലാമും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നദ്ദേഹം പറയുന്നു.

ഇസ്ലാം എന്നത് കേവലം ചില ആരാധനാകര്‍മങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു നിലവിലുള്ള മതങ്ങളില്‍ ഒന്നിനെപ്പോലെ ഒരു മതമല്ല. ഇതാണ് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കേണ്ട ഒന്നാമത്തെ വസ്തുത. സത്യസാക്ഷ്യപ്രഖ്യാപനം, നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിങ്ങനെ ആരാധനാ കര്‍മങ്ങളുണ്ട്. സ്വഭാവസംസ്കരണ നിയമങ്ങളുണ്ട്, ധാര്‍മിക നിയമങ്ങളുണ്ട്, സാമൂഹികമായി ബന്ധപ്പെട്ട നിയമങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് പാലിക്കേണ്ട വിധിവിലക്കുകളുണ്ട്, രാഷ്ട്രഭരണവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങളും അതുപോലുള്ള രാഷ്ട്രാന്തരീയ നിയമങ്ങളുമുണ്ട്. ഒരു വിശ്വാസിക്ക് നിര്‍ഭയം സ്വീകരിക്കാവുന്ന നിയമങ്ങളാണിവയെല്ലാം. അവ സ്വീകരിച്ചാലുള്ള പ്രത്യാഗാതം ഒട്ടും ഭയപ്പെടേണ്ടതില്ല എന്നതാണ് ദൈവിക നിയമങ്ങളുടെ പ്രത്യേകത. കാരണം മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമമായത് കൊണ്ടുതന്നെ അവ മനുഷ്യന് ഏറെ അനുയോജ്യമാണ്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ രണ്ട് പ്രയോജനങ്ങള്‍ മനുഷ്യന് ലഭിക്കുന്നു. ഒന്ന് ഇസ്ലാം എന്ന പേര് സൂചിപ്പിക്കുന്ന പോലെ സമാധാനം. വ്യക്തിജീവിതത്തില്‍ ആ നിയമമനുസരിച്ചാല്‍ വ്യക്തിക്ക് സമാധാനം. അതേ പ്രകാരം കുടുംബ ജീവിതത്തില്‍, സമൂഹത്തില്‍, രാഷ്ട്രത്തില്‍ ഇവിടെയൊക്കെ സമാധാനം ലഭിക്കുന്നു എന്നതാണ് ഇസ്ലാമിക നിയമങ്ങളുടെ മേന്‍മ. വ്യക്തികള്‍ തങ്ങളുടെ ജീവിതത്തില്‍ അവ പാലിക്കുമ്പോള്‍ അവന് സമാധാനം ലഭിക്കുന്നതോടൊപ്പം ശാശ്വതമായ സ്വര്‍ഗത്തിന് അവകാശികൂടിയാകുന്നു എന്ന ഒരു പ്രത്യേകതകൂടി ഈ നിയമങ്ങള്‍ക്കുണ്ട്. ഇസ്ലാമിന്റെ ധാര്‍മിക സാമ്പത്തിക രാഷ്ട്രീയ നിയമങ്ങള്‍ ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ടിതമാണ്. അവയാകട്ടെ കാലദേശങ്ങള്‍ക്കനുസരിച്ച് മാറാത്തവയും. അതുകൊണ്ടുതന്നെ മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനകരവുമാണ്. അവയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മഅ്റൂഫ് എന്ന് പറയുന്നത്.

ഒരു മനുഷ്യന്‍ അദ്ദേഹം മുസ്ലിമാകട്ടെ അല്ലാതിരിക്കട്ടെ അയാളുടെ കുടുംബജീവിതത്തില്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നുവെന്ന് സങ്കല്‍പിക്കുക തീര്‍ച്ചയായും അതില്‍ സല്‍ഫലങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കാന്‍ കഴിയും. സാമ്പത്തിക രംഗത്തും അപ്രകാരം തന്നെ. രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ ഒരു രാഷ്ട്രം തങ്ങളുടെ നിയമ നിര്‍മാണത്തിന് ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്വീകരിക്കുന്നുവെന്ന് വെക്കുക. അതുമുഖേന ഇന്ന് നിലനില്‍ക്കുന്ന മുഴുവന്‍ വ്യവസ്ഥകളെക്കാളും ആ രാജ്യത്ത് സമാധാനം നിലനിര്‍ത്താനും ക്ഷേമം കൈവരിക്കാനും സാധിക്കും എന്ന് വിശ്വസിക്കുന്നതോ, അതല്ല ഒരു രാജ്യത്തിന്റെ നിയമമാക്കാന്‍ ഇസ്ലാമിലെ രാഷ്ട്രീയ വ്യവസ്ഥക്ക് സാധ്യമല്ല എന്ന് കരുതുന്നതോ യഥാര്‍ഥ ഇസ്ലാമിക വീക്ഷണം. ദൈവഭയമുള്ള ഭരണാധികാരികളാകണം എന്നത് അത്തരം വ്യവസ്ഥ പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാന്‍ ആവശ്യമാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല. ചില രംഗത്തേക്ക് ചിന്തകള്‍ കടന്ന് ചെല്ലേണ്ടതുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.

ഇസ്ലാമിലെ രാഷ്ട്രീയം എന്നാല്‍ ഒരു മുസ്ലിം ഭരിക്കുന്നതിന്റെയും ഭരിക്കപ്പെടുന്നതിനെയും മാത്രം ബന്ധപ്പെടുത്തി മനസ്സിലാക്കരുത് എന്ന് പറഞ്ഞ് വരികയായിരുന്നു. അത് തന്നെ ‘അതായത്‌ ഒരു മുസല്‍മാന്റെ മനസ്സിനെ അല്ലാഹുവിലുള്ള വിശ്വാസമല്ലാതെ മറ്റു ഒരാശയവും ഭരിക്കാന്‍ പാടില്ല’ എന്നിങ്ങനെ പരിമിതപ്പെടുത്തുമ്പോള്‍ ഇത് സംബന്ധമായ പൊതു ചര്‍ചതന്നെ അപ്രസക്തമാകുന്നു. ഇസ്ലാമിലെ ആരാധനാകര്‍മങ്ങളും മറ്റു നിയമനിര്‍ദ്ദേശങ്ങളുമെല്ലാം ഇങ്ങനെ പരിമിതപ്പെടുത്തിയാല്‍ ‘ദഅ്വത്ത്’, പ്രബോധനം എന്നൊക്കെപ്പറയുന്നതിന് എന്ത് പ്രസക്തി?. ഒരു ഇസ്വലാഹി സംഘടനക്ക് അതുമതിയാകുമായിരിക്കാം പക്ഷേ അല്ലാഹു മുസ്ലിം സമൂഹത്തെ ഏല്‍പിച്ച ദൌത്യം അതല്ലല്ലോ.

ഇത്രയും പറഞ്ഞ് കഴിയുമ്പോള്‍ മുജാഹിദ് സുഹൃത്തുക്കള്‍ക്ക് എഴുതാപുറം വായിക്കുന്ന ഒരു സ്വഭാവമുണ്ട് അതിങ്ങനെയാണ് ‘ഇസ്‌ലാം എന്നാല്‍ എന്താണ്‌? അതിവിടുത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതികളില്‍ സമരം നടത്തലാണോ?. 'ലാ ഇലാഹ ഇല്ലല്ലാഹ' എന്ന്‌ പറഞ്ഞാല്‍ അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും ഒക്കെ അര്‍ത്ഥം വച്ചാല്‍ എത്തിച്ചേരുന്നത്‌ അങ്ങോട്ട്‌ തന്നെയായിരിക്കും.’

ഇത് വല്ലാത്തൊരു ഭയപ്പാടാണ്. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ ആകെ, രാജ്യത്തെ നിയമം പിടിച്ചെടുക്കാന്‍ മുസ്ലിംകള്‍ നടത്തുന്ന ചില സമരപരിപാടികളുമായി ബന്ധപ്പെട്ടതാണ് എന്ന് കാലാകാലങ്ങളായി തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ്, ഈ അടിസ്ഥാന രഹിതമായ ഭയം എന്ന് പറയാതെ വയ്യ. ലാ ഇലാഹ ഇല്ലല്ലാ എന്നാല്‍ അല്ലാഹു അല്ലാതെ ഭരണാധികാരിയില്ല എന്നാരും പറഞ്ഞിട്ടില്ല. മറുപടി പറയാനുള്ള ഒരു സുഖത്തിന് വേണ്ടി നെയ്തെടുത്ത ഒരു ആരോപണം മാത്രമാണ് ഇത്. മനുഷ്യന്റെ ഏത് രംഗത്തേക്കുമുള്ള നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമേയുള്ളൂ. അല്ലാഹു ഹാകിമാണ് എന്ന് പറയുമ്പോള്‍ അത് പ്രാപഞ്ചിക വ്യവസ്ഥയുമായി ബന്ധപ്പെട്ടത് മാത്രമാണ് എന്ന് പറയുന്നത് സൂക്ഷമതയില്ലാത്ത പ്രയോഗമാണെന്നും, നിയമ നിര്‍മാണത്തിന് ജീവിതത്തിന്റെ ഒരു മേഖലയും അല്ലാഹു മനുഷ്യനെ ഏല്‍പിച്ചിട്ടില്ലെന്നും, ലാ ഇലാഹ ഇല്ലല്ലാ എന്ന് പറയുമ്പോഴുള്ള അല്ലാഹുവില്‍ അത്തരമൊരു പൂര്‍ണനായ അല്ലാഹുവെ കാണണമെന്നുമാണ് ആകെ പറഞ്ഞിട്ടുണ്ടാകുക. അതാകട്ടെ സത്യവും. ഇതിനെയാണ് ലാ ഇലാഹ ഇല്ലല്ലാ എന്ന് പറഞ്ഞാല്‍ അല്ലാഹു അല്ലാതെ ഭരണാധികാരിയില്ല. എന്ന് ആരൊക്കെയോ അവകാശപ്പെടുന്നു എന്ന രൂപത്തില്‍ കാണുന്നത്. ഇവിടെ ഒന്നാമതായി വേണ്ടത് ഇസ്ലാമിലെ രാഷ്ട്രീയം എന്താണെന്ന് താത്വികമായി മനസ്സിലാക്കുക. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എന്ത നിലപാട് സ്വീകരിക്കണം എന്ന പ്രായോഗിക നിലപാട് വിശ്വാസികള്‍ സ്വീകരിക്കുക (ഒരു പക്ഷേ അത് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ളതാകാം പക്ഷേ അത് ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനകളിലൂടെ എത്തിചേര്‍ന്നതായിരിക്കണം. അല്ലാതെ അതിനുള്ള സ്വാതന്ത്യ്രം വ്യക്തികള്‍ക്ക് വിട്ടുകൊടുത്ത് ഓരോരുത്തരും ഏതോ താല്‍പര്യത്തിന്റെ പേരില്‍ വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചാല്‍ അങ്ങനെയുള്ളവര്‍ ഇസ്ലാമിന്റെ ചില ധാര്‍മിക നിയമങ്ങള്‍ പാലിച്ചാല്‍ ഇസ്ലാമിലെ രാഷ്ട്രീയമാവില്ല). പിന്നീട് വരുന്നത് ജനങ്ങളെ പ്രബോധനം ചെയ്യുമ്പോള്‍ ഈ രാഷ്ട്രീയമടക്കമുള്ള ഇസ്ലാമിലേക്ക് ക്ഷണിക്കുക. അങ്ങനെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഇസ്ലാമിനെ സ്ഥാപിക്കുക. ഇതില്‍ എവിടെയും തീവ്രവാദമില്ല. അട്ടിമറിയോ പിടിച്ചിറക്കലോ ഇല്ല. ദീനില്‍ ബലാല്‍കാരമില്ല എന്നത് ഈ ദീനിനും ബാധകമാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ ആശയസമരമാണ് നടക്കുന്നത്. സമരമെന്ന് കേള്‍ക്കുമ്പോഴേക്ക് വെപ്രാളപ്പെടേണ്ടതില്ല.
Share:

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, മേയ് 18 1:13 PM

    വായിച്ചു ... ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകൾ ഉണ്ടാകട്ടെ ..

    മറുപടിഇല്ലാതാക്കൂ
  2. എന്റെയുക്തിവാദികളും ഇസ്‌ലാമും എന്ന ബ്ലോഗില്‍ കൂടുതല്‍ സമയം വിനിയോഗിക്കേണ്ടിവന്നതിനാല്‍ ഈ ബ്ലോഗ് വേണ്ടവിധം പരിഗണിക്കാന്‍ കഴിഞ്ഞില്ല മാത്രമല്ല. കമന്‍രുകളുടെ കുറവും. പുതിയ സാഹചര്യത്തില്‍ ഈ ബ്ലോഗിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. അതിനാല്‍ കുറെകൂടി ലേഖനങ്ങള്‍ പ്രതീക്ഷിക്കുക. ഇതിലുള്ള അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്തം എനിക്കായിരിക്കും. ജമാഅത്തോ മറ്റേതെങ്കിലും പ്രസ്ഥാനമോ അതില്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

    അഭിപ്രായം നല്‍കിയ ഇസ്ലാമികം, ഉമ്മു അമ്മാര്‍ എന്നിവര്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.