അട്ടിമറി സൃഷ്ടിക്കുവാന്‍ (3)

(മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്ന പോസ്റിന്റെ മൂന്നാം ഭാഗം)

ഇസ്‌ലാം ദീന്‍ ഒന്നാമതായി ഉദ്ദേശിക്കുന്നത്‌ മനുഷ്യന്റെ മനസ്സില്‍ വിശ്വാസം ഉണ്ടാക്കുകയും ആ വിശ്വാസം മുഖേന അവനെ സല്‍പ്രവൃത്തികളിലേക്ക്‌ നയിക്കുകയും പാപങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതിനാണ്‌. അതിനു ഭരണകൂടങ്ങള്‍ ഉണ്ടാകുന്നത്‌ നല്ലതാണ്‌ എന്നത്‌ ശരിയാണെങ്കിലും, അത്‌ അനിവാര്യമാകണമെന്നില്ല. ഒരു നല്ല ഭരണകൂടത്തിനോ ദുഷ്ട ഭരണകൂടത്തിനോ ഒരാളെ നന്നാക്കുവാനോ ചീത്തയാക്കുവാനോ കഴിയണമെന്നില്ല.

* ശരി. നല്ലതിന് വേണ്ടി പണിയെടുത്തുകൂട എന്നുണ്ടോ. ഒരാളെ നന്നാക്കുന്നതില്‍ ഒരുപങ്ക് വഹിക്കാന്‍ ഭരണകൂടത്തിന് കഴിയുകയും ചെയ്യാമല്ലോ?, ചീത്തയാക്കാനും. അത് കൊണ്ടല്ലേ, സ്വവര്‍ഗസംഭോഗം നിയമവിധേയമാക്കുന്നതിനെതിരെ ഇദ്ദേഹം പിന്തുണക്കുന്ന സംഘടന പ്രമേയം പാസാക്കുന്നത്. (മദനി സാഹിബ് ഇപ്പോള്‍ ഏതെങ്കിലും മുജാഹിദ് പക്ഷത്തിലില്ല എന്ന മുന്‍ അറിവിന്റെ അടിസ്ഥാനത്തിലാണ് പിന്തുണക്കുന്ന എന്ന് പറഞ്ഞത്)

അല്ലാഹുവിന്റെ ഒരോ മനുഷ്യരോടുമുള്ള കല്‍പന അവന്റെ കഴിവിന്റെ അതിര്‍ത്തിയില്‍ വരുന്ന കാര്യങ്ങളും, സാമ്പത്തികമായ പരിധിയില്‍ വരുന്ന കാര്യങ്ങളും ചെയ്യുവാനാണ്‌. മക്കളുള്ളവനോടും ഇല്ലാത്തവനോടും, സ്വത്തുള്ളവനോടും ഇല്ലാത്തവനോടും, ആരോഗ്യമുള്ളവനോടും ഇല്ലാത്തവനോടും ഇസ്‌ലാമിന്റെ കല്‍പന ഒരേ തരത്തിലല്ല. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കുന്ന അധികാരവും സ്വാധീനവും അനുസരിച്ചാണ്‌ അത്‌. ഖുര്‍ആനിലെ مَّكَّنَّاْ എന്ന പദം അതാണുദ്ദേശിക്കുന്നത്‌.
مَّكَّنَّاهُمْ في الارض ان (ഹജ്ജ്‌ 22:41) എന്ന്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌. അവര്‍ക്ക്‌ ഭൂമിയില്‍ സൗകര്യം അഥവാ സ്വാധീനം നല്‍കിയാല്‍ എന്നര്‍ത്ഥം. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യം എത്രയാണോ ആ സൗകര്യമനുസരിച്ച്‌ അതിന്റെ പരിധിയില്‍ അവന്റെ കല്‍പന പാലിച്ച്‌ ജീവിക്കണം. ഒരാള്‍ക്ക്‌ സമ്പത്തോ ജനസ്വാധീനമോ നേതൃഗുണമോ അല്ലാഹു നല്‍കിയെങ്കില്‍ അയാള്‍ അത്‌ ഉപയോഗിക്കണം, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട്‌. ഇനി ഒരാള്‍ക്ക്‌ അല്ലാഹു ഒരു ഉദ്യോഗം നല്‍കി എന്ന്‌ കരുതുക. എങ്കില്‍ അയാള്‍ അതില്‍ ഇരുന്നുകൊണ്ട്‌ ചെയ്യാവുന്ന നന്മകളൊക്കെ ചെയ്യണം; അവിടെ അയാള്‍ക്ക്‌ അല്ലാഹുവോട്‌ കടപ്പാടുണ്ട്‌. ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യത്തിന്റെ അടിസ്ഥാനത്തിലാണു അവരവര്‍ക്ക്‌ അല്ലാഹുവോടുള്ള കടപ്പാട്‌. യാത്രക്കാരനും നാട്ടില്‍ താമസിക്കുന്നവനും, രോഗിയും ആരോഗ്യമുള്ളവനും തമ്മിലെ വ്യത്യാസം എന്നിങ്ങനെ ഒരുപാട്‌ മേഖലകള്‍ ഉണ്ട്‌ ഇക്കാര്യത്തില്‍.
സമ്പത്ത്‌ ഉള്ളവനോട്‌ മാത്രമാണു സക്കാത്ത്‌ കൊടുക്കാന്‍ കല്‍പന. ഇസ്‌ലാം കാര്യങ്ങള്‍ അഞ്ചെണ്ണത്തില്‍ ഒന്നാണല്ലോ സക്കാത്ത്‌. സമ്പത്ത്‌ ഇല്ലാത്തവന്‍ സക്കാത്ത്‌ കൊടുക്കാതിരുന്നാല്‍ അവന്റെ ഇസ്‌ലാം ദീന്‍ 80% ആകുമോ? നമ്മുടെ വീക്ഷണത്തില്‍ 100% തന്നെയാണ്‌. അയാള്‍ സക്കാത്ത്‌ നല്‍കിയില്ല എന്നത്‌ അയാളുടെ ദീന്‍ അപൂര്‍ണ്ണമാകുവാന്‍ കാരണമാകില്ല.

*മേല്‍കൊടുത്തതൊക്കെ ഇസ്ലാമിന്റെ ക്രിമിനല്‍ രക്ഷാശിക്ഷകളൊക്കെ ഇന്ത്യയില്‍ നടപ്പാക്കുന്നതാണ് ഇസ്ലാമിലെ രാഷ്ട്രീയം എന്നും, ആരൊക്കെയോ അതിന് വേണ്ടി ശ്രമിക്കുന്നു എന്നുമുള്ള തെറ്റിദ്ധാരണയില്‍ എഴുതിപ്പോകുന്നതാണ്.

ആ അധികാരം ഉണ്ടാക്കുവാന്‍ അവന്‍ ശ്രമിക്കേണ്ടതല്ലേ എന്നാണെങ്കില്‍ അതു സക്കാത്ത്‌ കൊടുക്കുവാന്‍ വേണ്ടി സമ്പത്തുണ്ടാക്കുവാന്‍ ശ്രമിക്കേണ്ടതല്ലേ എന്നത്‌ പോലെയും ഹജ്ജ്‌ ചെയ്യാന്‍ വേണ്ടി സമ്പത്തും ആരോഗ്യവും ഉണ്ടാക്കേണ്ടതല്ലേ എന്നത്‌ പോലെയുമുള്ള അപ്രസക്തമായ ചോദ്യങ്ങളാണ്‌.

* ഇസ്ലാം ആണ് നമ്മുടെ ദീന്‍. അത് ജീവിതത്തിന്റെ സകല മേഖലകളെയും ഉള്‍കൊള്ളുന്നതാണ്. അതിന്റെ ഇഖാമത്ത് (സംസ്ഥാപനം) ആണ് അല്ലാഹു നമ്മോട് ആവശ്യപ്പെട്ടിട്ടുള്ളത്. അത് നിര്‍വഹിച്ച് മുന്നോട്ട് പോകുമ്പോള്‍. അതിലുള്‍പ്പെട്ട രാഷ്ട്രീയ വശത്തെക്കുറിച്ച് നിശബ്ദമാകണം എന്ന് പറയുന്നതിലെ യുക്തിയാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്.
അധികാരം ലഭിക്കുമ്പോള്‍ ഇസ്ലാമിലെ ശിക്ഷാവിധികള്‍ നടപ്പിലാക്കണം. ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ മാത്രം അധികാരം ഉണ്ടാക്കേണ്ടതില്ല എന്നിങ്ങനെ പറഞ്ഞാല്‍ മനസ്സിലാക്കാം.
ദീനിന് അധികാരവും കൂടി ഉണ്ടാകുക എന്നതാണ് അതിന്റെ പൂര്‍ണത.
ഇസ്ലാമിന്റെ ഭരണത്തിന്‍ കീഴിലല്ലാതെ ജീവിച്ച ഒരാളുടെ ദീനില്‍ എന്തെങ്കിലും കുറവ് സംഭവിക്കും എന്നാരും ഇവിടെപ്പറഞ്ഞിട്ടില്ല.
ഇസ്ലാം എന്നത് ഒരു വ്യവസ്ഥയാണ് അതിലെല്ലാമുണ്ട്. ഒന്ന് ചിന്തിച്ചുനോക്കൂ ഭരണമില്ലാത്ത കമ്മ്യൂണിസം, അധികാരമില്ലാത്ത മുതലാളിത്തം എത്ര ദുര്‍ബലമായിരിക്കും അവ. അത് കൊണ്ടാണ്, മൌലാനാ മൌദൂദി പറഞ്ഞത് ‘...... ഭൂമിയില്‍ സ്ഥാപിതമാകാത്ത വീട് പോലെയാണ്.’

ഫിര്‍ഔന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്‌. ഫിര്‍ഔന്‍ ധിക്കാരിയായി മാറിയിരിക്കുന്നു എന്നു പറഞ്ഞാണു അല്ലാഹു മൂസാ(അ)യേയും ഹാറൂണിനേയും(അ) അയക്കുന്നത്‌. ആ ധിക്കാരിയെ സിംഹാസനത്തില്‍ നിന്ന്‌ കൈപിടിച്ച്‌ താഴെയിറക്കാനല്ല അവരെ അയച്ചത്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ فقولا له قولا ليّنا لعلّه يتذكّر او يخشي (ത്വാഹ 20:44)
'എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.'
ഇത്‌ ആരോടാണു അവര്‍ പറയേണ്ടത്‌? സേച്ഛാധിപതിയായ, ചരിത്രത്തിലെ കൊടിയ മര്‍ദ്ദകനായ ഫറവയോടാണു ഇവര്‍ പറയേണ്ടത്‌. നിന്റെ മര്‍ദ്ദനം നിര്‍ത്തണം, നിന്റെ ധിക്കാരം അവസാനിപ്പിക്കണം എന്നൊക്കെയുള്ള ശൈലിക്ക്‌ പകരം അല്ലാഹു പറയുന്നത്‌ ഫിര്‍ഔനോട്‌ മാര്‍ദ്ദവമായതും സൗമ്യമായതുമായ വാക്ക്‌ പറയണം എന്നാണ്‌. ആ വാക്ക്‌ കേട്ടിട്ട്‌ അവന്‍ ഒരുവേള സത്യത്തെപ്പറ്റി ബോധവാനായേക്കാം. അല്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയമുള്ളവനായേക്കാം.

* ഇവിടെയുള്ള ഭരണാധികാരികളെ തട്ടിമാറ്റി, വിപ്ളവത്തിലൂടെ അട്ടിമറിച്ച്, പിടിച്ചിറക്കി അവിടെ കയറിയിരുന്ന് ഭരിക്കാനാണ് ഇസ്ലാമിക പ്രസ്ഥാനം പണിയെടുക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് മുകളിലെ വരികള്‍ എഴുതാനുള്ള പ്രചോദനമെന്ന് കരുതുന്നു. പ്രബോധനത്തിന്റെ ശൈലി എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ?. ഫറവോന്‍ മുസ്ലിമായി മാറിയിരുന്നങ്കില്‍ ആരുടെ നിയമമനുസരിച്ചായിരിക്കും അദ്ദേഹം ഭരണം നിര്‍വഹിക്കുക. ഇതൊരു അട്ടിമറിതന്നെയാണ്. പ്രയോഗങ്ങളെ അങ്ങനെതന്നെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ അതിന്റെ മൂലം തേടിപ്പോകുമ്പോള്‍ പല അസംബന്ധങ്ങളും സംഭവിക്കും. അങ്ങനെയാണ് സമഗ്രം എന്നാല്‍ അഗ്രങ്ങള്‍ സമമായത് എന്ന് വിശദീകരിച്ച് മറുപടി പറയുന്നത്. വിപ്ളവം എന്ന് കേള്‍ക്കുമ്പോള്‍ വാള്‍ ഓര്‍മവരികയാണ്. അട്ടിമറി എന്ന് കേള്‍ക്കുമ്പോള്‍ എന്തൊക്കെ മറിഞ്ഞ് വീഴുന്ന ശബ്ദമാണാവോ ഇവരൊക്കെ കേള്‍ക്കുന്നത്. വാള്‍ തിരികെ ഉറയിലിടില്ല എന്ന് ആരോ ആലങ്കാരികമായി പറഞ്ഞത് വിശദീകരിക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അവസാനത്തെ പത്തില്‍ പ്രവാചകന്‍ അരമുറുക്കി എന്ന ഹദീസ് ഇക്കണക്കില്‍ എങ്ങനെ വ്യാഖ്യാനിക്കും. ഏതായാലും താഴെകാണുന്ന രൂപത്തിലുള്ള ശൈലി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. ഇപ്രകാരം അതിന് ശറഹ് എഴുതുന്നവരുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.

ഇസ്‌ലാമും രാഷ്ട്രീയവും എന്ന വിഷയസംബന്ധമായി ഒരുപാട്‌ ദുരൂഹതകളും സങ്കീര്‍ണ്ണതകളും സൃഷ്ടിക്കപ്പെട്ടതിനാല്‍ വിശദീകരണവും ഒരുവേള ദുരൂഹവും സങ്കീര്‍ണ്ണവുമായിരിക്കുകയാണ്‌. ചില ലേഖനങ്ങളിലെ പദപ്രയോഗങ്ങളിലേക്ക്‌ ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. 'ഇസ്‌ലാം എന്നാല്‍ കേവലം ചില വിശ്വാസങ്ങളും ആചാരങ്ങളൂമാണ്‌ എന്ന്‌ പറഞ്ഞ്‌ പഠിപ്പിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തും ഉണ്ടായിരുന്നു. അവരുടെ കൈകളില്‍ യഥാര്‍ത്ഥ ദീന്‍ സ്വാഭാവികമരണം പ്രാപിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല എന്ന്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ പോലും നന്നായറിയാം. നേരെമറിച്ച്‌ അധര്‍മ്മം കൊടികുത്തി വാഴുന്ന വ്യവസ്ഥിതികളില്‍ അട്ടിമറി സൃഷ്ടിക്കുവാന്‍ കഴിവുള്ള ഒരു ബദല്‍ വ്യവസ്ഥയായി ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ ആണ്‌ ശത്രുക്കളൊന്നാകെ നമുക്കെതിരില്‍ അണിനിരക്കുന്നത്‌. ഇത്‌ കണ്ടിട്ടെങ്കിലും പിന്തിരിപ്പന്‍ ജിഹാദിന്റെ വക്താക്കള്‍ക്ക്‌ മനസ്സിലാക്കാമായിരുന്നു, ഇവരുടെ ജിഹാദ്‌ വഴിതെറ്റിയിരിക്കുന്നുവെന്ന്‌'. ഇതാണു മതപ്രബോധന ശൈലിയെന്നാണു ഒരു വിഭാഗം അവകാശപ്പെടുന്നത്‌. ഇങ്ങനെയെങ്കില്‍ ഫിര്‍ഔന്റെ അധര്‍മം കൊടികുത്തിവാഴുന്ന വ്യവസ്ഥിതിയില്‍ ഇവര്‍ പറയുന്ന അട്ടിമറി സൃഷ്ടിക്കുവാനല്ല ഏതായാലും മൂസാനബി(അ) വന്നത്‌. സൗമ്യമായ വാക്ക്‌ പറയണം എന്നത്‌ എത്രതന്നെ വലിച്ച്‌ നീട്ടിയാലും അത്‌ അട്ടിമറി സൃഷ്ടിക്കുക എന്ന അര്‍ത്ഥത്തിലാക്കുവാന്‍ തരമില്ല. സൗമ്യമായ വാക്കുകൊണ്ടല്ലല്ലോ അട്ടിമറി സംഭവിക്കുന്നത്‌.

* അട്ടിമറി സംഭവിക്കുന്നത് സൌമ്യമായ വാക്കുകൊണ്ടായിക്കൂട എന്നില്ല.

ജീവിതത്തിന്റെ സകല മേഖലക്കും തുല്യമായ പ്രാധാന്യം ഞങ്ങള്‍ കൊടുക്കുന്നു. അതില്‍ രാഷ്ട്രീയം മാത്രം എടുത്ത്‌ ഉയര്‍ത്തിക്കാണിക്കാറില്ല. ജീവിതമാകെ, ലോകമാകെ രാഷ്ട്രീയമാണു എന്നൊന്നും ഞങ്ങള്‍ ധരിച്ചുവശായിട്ടില്ല. അത്രമാത്രം രാഷ്ട്രീയത്തെപ്പറ്റി ഞങ്ങള്‍ ആശങ്കാകുലരുമല്ല. മറിച്ച്‌ വ്യക്തി ജീവിതത്തിലും കുടുംബരംഗത്തും സാമൂഹികരംഗത്തും അയല്‍ക്കാരോടുള്ള ബന്ധത്തിലും ഇതരമതസ്ഥരോടുള്ള ബന്ധത്തിലും മറ്റ്‌ ജീവികളോടുള്ള ബന്ധത്തിലുമൊക്കെ ഇസ്‌ലാമിന്റെ മാര്‍ഗ്ഗദര്‍ശനം നടപ്പാക്കണം. അതു നടപ്പാക്കാത്തിടത്തോളം വമ്പിച്ച നഷ്ടം ഉണ്ടാകുക തന്നെ ചെയ്യും എന്നാണു ഞങ്ങള്‍ കണക്കാക്കുന്നത്‌. നേരെമറിച്ച്‌ ഇസ്‌ലാം രാഷ്ട്രീയമാണ്‌ എന്ന്‌ പറഞ്ഞ്‌ തുടങ്ങുന്ന ഏര്‍പ്പാട്‌ മുജാഹിദുകള്‍ക്കില്ല എന്നേയുള്ളു.
ഇസ്‌ലാമിനെ സംബന്ധിച്ച്‌ മുസല്‍മാനെ ആര്‍ ഭരിക്കണം എന്നിടത്ത്‌ 'മുസല്‍മാന്റെ മനസ്സിനെ സത്യവിശ്വാസം ഭരിക്കണം' എന്നാണു മറുപടി. അവന്റെ ശരീരത്തെ ഏതു ഭരണകൂടം ഭരിക്കുന്നുവെന്നത്‌ രണ്ടാമത്തെ കാര്യമാണ്‌. കഴിയുന്നിടത്തോളം ശരീരത്തെയും മറ്റ്‌ ഭരണകൂടങ്ങള്‍ക്ക്‌ ഭരിക്കുവാന്‍ ഇട നല്‍കരുത്‌. ശരീരത്തെ മാത്രം ഇതര ഭരണകൂടങ്ങളില്‍ നിന്ന്‌ മോചിപ്പിച്ചിട്ട്‌ കാര്യമില്ല. കാരണം മനസ്സിന്റെ ശുദ്ധിയാണ്‌ ആദ്യം വേണ്ടത്‌.

* ഇസ്ലാമില്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ഥസ്ഥാനം മനസ്സിലാക്കിയവരായിരുന്നു മുസ്ലികളെങ്കില്‍ മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഇതത്ര ഊന്നിപ്പറയുമായിരുന്നില്ല. ഒരു തജ്ദീദി പ്രസ്ഥാനം ചെയ്യുന്ന ജോലി. ജനങ്ങള്‍ നശിപ്പിച്ച ഭാഗം പുനര്‍ നിര്‍മിക്കുകയാണ്. അതിനാല്‍ മതരാഷ്ട്രവാദികള്‍ എന്ന ആരോപണം തങ്ങളുടെ മേല്‍ ഉന്നയിക്കപ്പെട്ടാലും, അതിന് വേണ്ടിപ്രവര്‍ത്തിക്കുന്നവര്‍ക്ക് മാറി നില്‍കാനാവില്ല.

മദനീസാഹിബിന്റെ ലേഖനം ഇവിടെ അവസാനിക്കുന്നു. അദ്ദേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ഇതിനിടയില്‍ സൂചിപ്പിച്ചത്. അതില്‍ ഏതെങ്കിലും അഭിപ്രായം മാറ്റേണ്ടതുണ്ടെങ്കില്‍ അതിനും വിരോധമില്ല. വായനക്കാര്‍ ചൂണ്ടിക്കാണിച്ച് തന്നാല്‍ മതി. ഇത് ഇവിടെ എടുത്ത് ചേര്‍ക്കുന്നതിന്റെ ഉദ്ദേശം ഇത്തരം തെറ്റിദ്ധാരണകള്‍ വിഷയം യഥാവിധി ഗ്രഹിക്കുന്നതിന് തടസ്സമാകും എന്ന് കരുതുന്നത് കൊണ്ടാണ്.

ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ തുടരും (ഇന്‍ഷാ അല്ലാ)
Share:

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.