ആധിപത്യം തിരിച്ചുപിടിക്കാന്‍ ആരുണ്ടിവിടെ? (2)

(മുജാഹിദ് സുഹൃത്തുക്കള്‍ എങ്ങനെ കാണുന്നു എന്ന പോസ്റിന്റെ രണ്ടാം ഭാഗം)

ലേഖനത്തിലെ പ്രസക്തമായ ചില ഭാഗങ്ങള്‍കൂടി. ഇതില്‍ പറയുന്നതെല്ലാം തെറ്റെന്നോ ശരിയെന്നോ പറയുകയല്ല ഇവിടെ ഉദ്ദേശം. അതോടൊപ്പം ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് സ്വാഭാവികമായി തോന്നുന്ന ചില അഭിപ്രായങ്ങള്‍ (* ചിഹ്നത്തിന് ശേഷം) രേഖപ്പെടുത്തുകയും ചെയ്യുന്നു.

‘ ഇന്ന്‌ ചിലര്‍ പറയാറുണ്ട്‌ 'അല്ലാഹുവിന്‌ ഭൂമിയില്‍ നിന്നും ആധിപത്യം നഷ്ട്ടപ്പെട്ടിരിക്കുന്നു. അവന്റെ ആധിപത്യം തിരിച്ചുപിടിക്കാന്‍ ആരുണ്ടിവിടെ, ഞങ്ങളല്ലാതെ എന്ന്‌. ഞങ്ങള്‍ ദൈവത്തിനു നഷ്ട്ടപ്പെട്ട ആധിപത്യം പുനഃസ്ഥാപിക്കാന്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌' ദൈവാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടാറ്‌. എന്തൊരു വിവരക്കേടാണിത്‌. ദൈവത്തിനു ആധിപത്യം എവിടേയും നഷ്ട്ടപ്പെട്ടിട്ടില്ല. ദൈവത്തിന്റെ ആധിപത്യം ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നും, ഒരു അണുവില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അല്ലാഹുവിനെ വേണ്ടരീതിയില്‍ മനസ്സിലാക്കാത്തവരാണ്‌. നേരെമറിച്ച്‌ എന്നേയും അവരേയും ഈ നാട്ടിലെ ഭരണാധികാരികളേയും, അവരുടെ ശ്വാസഉച്ഛാസങ്ങളേയും ഭരിച്ചുകൊണ്ടിരിക്കുന്നത്‌, നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ അല്ലാഹുവാണ്‌. അതിനെതിരായി യാതൊന്നും ഈ പ്രപഞ്ചത്തില്‍ സംഭവിക്കുക സാധ്യമല്ല. അല്ലാഹുവിനു ആധിപത്യം നഷ്ടപ്പെടുന്ന പ്രശ്നമില്ല.’

*പൂര്‍ണമായും ശരി. പക്ഷേ ആരാണ് ഈ ചിലര്‍. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ആധിപത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് മുസ്ലികളായ ആരും കരുതുകയില്ല. എന്നിട്ടല്ലേ ഇവിടെ സൂചിപ്പിച്ച ആധിപത്യത്തിന്റെ കാര്യം. ആരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലാത്തതിനാല്‍ കേട്ടിരിക്കുകയേ നിര്‍വാഹമുള്ളൂ.

ഒരു ഭരണാധികാരിയെ എല്ലാ ഭാഗത്തുനിന്നും ഭരിച്ചുകൊണ്ടിരിക്കുന്ന പരമമായ ഭരണാധികാരമാണു അല്ലാഹുവിന്റേത്‌. ആ ഭരണാധികാരത്തില്‍ അല്ലാഹുവിനു മറ്റു പങ്കാളികള്‍ ഉണ്ടെന്നു ചരിത്രത്തില്‍ ഒരു മുസല്‍മാനും വിശ്വസിച്ചിട്ടില്ല. ഉണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കെങ്കിലും സാധ്യമാണോ?.
രാജാധിരാജനായ അല്ലാഹുവെക്കുറിച്ചുള്ള കണിശമായ ധാരണ ചരിത്രത്തിലെ സകല മുസല്‍മാനും ഉണ്ടായിട്ടുണ്ട്‌. എന്നിട്ട്‌ ഇപ്പോള്‍ ഒരു കൂട്ടര്‍ വിളിച്ചു പറയുകയാണു എല്ലാത്തിനും പടച്ചവന്‍ വേണം, പക്ഷെ പടച്ചവന്റെ ആധിപത്യം മാത്രം അംഗീകരിക്കാന്‍ ഇവിടത്തെ ചിലര്‍ സന്നദ്ധരല്ല എന്ന്‌. എന്താണീ പറയുന്നതിന്റെ അര്‍ത്ഥം. അല്ലാഹുവിന്റെ ആധിപത്യം മുഹമ്മദ്‌ നബി(സ) മാത്രമല്ല അംഗീകരിച്ചിരുന്നത്‌, അബൂജഹലും അറേബ്യയിലെ ബഹുദൈവാരാധകരും മറ്റും അംഗീകരിച്ചിരുന്നു.

* അതെങ്ങനെ സാധിക്കാനാണ്. അല്ലാഹുവിന്റെ ആധിപത്യം മാത്രം അംഗീകരിക്കാന്‍ ഇവിടെ ചിലര്‍ സന്നദ്ധരല്ല. എന്ന് പറഞ്ഞത് ആരാണാവോ. പക്ഷേ ഒന്നുണ്ട്. രാഷ്ട്രീയ രംഗത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടേണ്ടതില്ല എന്ന വാദം ശരിയല്ല എന്നും, രാജ്യത്തിന്റെ നിയമം നിര്‍മിക്കാന്‍ താത്വികമായി മറ്റാര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് ഒരു വിശ്വാസിയും ചിന്തിക്കാന്‍ പാടില്ലാത്തതാണെന്നും പറയുന്നതില്‍ ന്യായമുണ്ടെന്ന് ഞാന്‍ കരുതുന്നു.

രാജാധിരാജന്‍ അല്ലാഹുവാണെന്ന്‌ മുസ്‌ലിങ്ങള്‍ മാത്രമല്ല മുശ്‌രിക്കുകളും അംഗീകരിച്ചിരുന്നു. എന്നിട്ട്‌ ഇന്ന്‌ ഒരു കൂട്ടര്‍ പറയുന്നു 'ഞങ്ങളല്ലാത്തവരൊക്കെ അല്ലാഹുവല്ലാത്തവരെ പരമാധികാരികളായി സ്വീകരിക്കുന്നുവെന്ന്‌; ഞങ്ങള്‍ മാത്രമാണു അല്ലാഹുവിനു നഷ്ടപ്പെട്ട പരമാധികാരം തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ '. എന്തു വിചിത്രമായ രാഷ്ട്രീയ ധാരണയാണിത്‌. ഇത്തരം ധാരണകളുമായി പൊരുത്തപ്പെട്ടുപോകാന്‍ യഥാര്‍ത്ഥ ഇസ്‌ലാമിക വീക്ഷണമുള്ളവര്‍ക്ക്‌ സാധ്യമല്ല.

* അതെ നിങ്ങള്‍ പറയുന്ന ഈ രാജത്വവും അധികാരവും മുശ്രിക്കുകളും അംഗീകരിച്ചിരുന്നു. ശേഷം പറയുന്നത് ഒരു ആരോപണമാണ്. കര്‍ത്താക്കള്‍ അനോണിയായതിനാല്‍ ഉറപ്പിച്ചൊന്നും പറയാന്‍ വയ്യ. ഇസ്ലാമിക രാഷ്ട്രീയത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്ക് ഇതുമായി ബന്ധമില്ല.


നിളാം ഇലാഹി എന്ന പദപ്രയോഗം തന്നെ ഖുര്‍ആനിനും ഹദീസിനും അജ്ഞാതമാണ്‌. അതിനര്‍ത്ഥം 'ഇലാഹിയായ വ്യവസ്ഥ' ഇല്ല എന്നല്ല. മറിച്ച്‌ ഖുര്‍ആനില്‍ ഉള്ളത്‌ ഇലാഹിയായ മാര്‍ഗ്ഗദര്‍ശനമാണ്‌ അഥവാ ദൈവികമായ മാര്‍ഗ്ഗദര്‍ശനം.
എന്താണ്‌ മാര്‍ഗ്ഗദര്‍ശനം? മുസല്‍മാന്‍ എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്‌, അയല്‍പക്കബന്ധം പുലര്‍ത്തേണ്ടത്‌, ഭാര്യയോട്‌ പെരുമാറേണ്ടത്‌, കച്ചവടം ചെയ്യേണ്ടത്‌, കൃഷി ചെയ്യേണ്ടത്‌ എന്നു തുടങ്ങി ജീവിതത്തിന്റെ സകല മേഖലയിലേക്കും വെളിച്ചം വീശുന്നതാണ്‌ ദൈവികമായ മാര്‍ഗ്ഗദര്‍ശനം അഥവാ ഹിദായത്ത്‌. ഇതാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

* ശരി. നിളാം ഇലാഹി എന്ന് ഖുര്‍ആനിലില്ലാത്തതിനാല്‍ നമ്മുക്ക് ദൈവികമായ മാര്‍ഗദര്‍ശനം എന്ന് പറയാം. ഭരണ രംഗത്ത് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നുതുടങ്ങി..... (വാചകം പുര്‍ത്തിയാക്കാം). ആര്‍ക്കാണിവിടെ ഇത്രവാശി. സാമ്പത്തിക വ്യവസ്ഥ എന്ന് പറയുമ്പോഴില്ലാത്ത എന്ത് പ്രശ്നമാണ് രാഷ്ട്രീയ വ്യവസ്ഥ എന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത്?. ഈ വ്യവസ്ഥകള്‍ക്കൊക്കെക്കൂടി ഇലാഹിയായ വ്യവസ്ഥ എന്ന് പറഞ്ഞാലുള്ള അപകടവും മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഖുര്‍ആനില്ലാത്ത പദങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല എന്ന വാദമുണ്ടെങ്കില്‍ അത് ‘തൌഹീദ്’ എന്ന പദത്തിനും ബാധകമല്ലേ?.


അല്ലാഹുവിന്റെ ഹുക്മിന്‌ മറ്റൊരു ഭാഗമുണ്ട്‌. 'ഇന്നതാണു ഹലാല്‍, ഇന്നതാണു ഹറാം, ഇന്നതാണു വാജിബ്‌, ഇന്നതാണു മനുഷ്യനു ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതും' എന്നു വിധികല്‍പ്പിക്കാനുള്ള അധികാരമാണ്‌ അത്‌. കളവ്‌ പറയല്‍ പാപമാണ്‌ ,സത്യം പറയല്‍ പുണ്യമാണ്‌, കൊലപാതകം കഠിന പാപമാണ്‌, വ്യഭിചാരം ഏറ്റവും മ്ലേച്ഛമായ പാപമാണ്‌ എന്നിങ്ങനെ പാപത്തെപ്പറ്റിയും പുണ്യത്തെപ്പറ്റിയും പറയാനുള്ള അഥവാ ഹലാല്‍ ഹറാം നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമാണ്‌.

* ഒരു മുസ്ലിം സമഗ്രമായ ഇസ്ലാമിനെ പ്രചരിപ്പിക്കല്‍, ജീവിതത്തിന്റെ ഒരു വലിയ ഭാഗം ഭൌതികരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍, പ്രതിക്രിയ നടത്തണമെന്ന ഇസ്ലാമിന്റെ കല്‍പന അവഗണിക്കല്‍ എന്നിവയൊക്കെ അല്ലാഹുവിന്റെ ഹുക്മിന്റെ പരിധിയില്‍ വരുമോ?.

ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെ വിവരിക്കുന്ന പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ആകെ കിട്ടുന്ന തെളിവ്‌ സൂറ തൗബ 9:31 ആയത്താണ്‌.
അതായത്‌ നിയമനിര്‍മ്മാണാധികാരം ദൈവേതരര്‍ക്ക്‌ നല്‍കിയതിനാലാണു യഹൂദക്രൈസ്തവര്‍ അല്ലാഹുവിങ്കല്‍ ശപിക്കപ്പെട്ടവരായത്‌. ഖുര്‍ആന്‍ അതിനെ വിമര്‍ശിച്ചു കൊണ്ട്‌ 'അവര്‍ അവരുടെ പണ്ഡിതന്മാരേയും പുരോഹിതന്മാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി' എന്ന്‌ പറഞ്ഞു. ഈ ആയത്ത്‌ സംബന്ധിച്ച്‌ അദിയ്യ്‌ ബിനു ഹാത്തിം റസൂലിനോട്‌ സംശയം ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്‌ 'അവര്‍ അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും ചെയ്താല്‍ അവരെ അനുസരിക്കില്ലേ? ഇത്‌ തന്നെയാണ്‌ അവരെ ദൈവമാക്കല്‍', എന്നാണ്‌.
ഇതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ആളുകള്‍ ചോദിക്കുകയാണ്‌ 'മതാദ്ധ്യക്ഷന്മാര്‍ക്ക്‌ നിയമനിര്‍മ്മാണാധികാരം നല്‍കിയവര്‍ കാഫിറുകളായതു പോലെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിയമനിര്‍മ്മാണാധികാരം കൊടുത്ത നിങ്ങളും കാഫിറുകളല്ലേ എന്ന്‌.' അതാണിവിടത്തെ പ്രസക്തമായ ചോദ്യം.
ഇത്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. ഇസ്രായേല്യര്‍ ആരെയൊക്കെ അനുസരിച്ചിട്ടുണ്ട്‌? അവര്‍ നല്ലതും ചീത്തയുമായ ഒരുപാട്‌ രാജാക്കന്മാരേയും മന്ത്രിമാരേയും അനുസരിച്ചിട്ടുണ്ട്‌. മാര്‍പ്പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍ അങ്ങേയറ്റം ബഹുമാനത്തോടെ അനുസരിച്ചിരുന്നപ്പോള്‍ തന്നെ അവര്‍ ജൂലിയറ്റ് സീസറുടെ കല്‍പനകളും അഗസ്റ്റസിന്റെ നിയമങ്ങളും അനുസരിക്കുന്നവരുമായിരുന്നു. അതുപോലെ കോണ്‍സ്റ്റന്‍ടൈന്റേയും മറ്റനേകം രാജാക്കന്മാരുടേയും നിയമങ്ങള്‍ അനുസരിക്കുന്നവരുമായിരുന്നു. എന്നിട്ടെന്തുകൊണ്ട്‌ അല്ലാഹു 'അവര്‍ അവരുടെ രാജാക്കന്മാരേയും മന്ത്രിമാരേയും അല്ലാഹുവിനു പുറമേ റബ്ബുകളാക്കി' എന്ന്‌ പറഞ്ഞില്ല. രണ്ട്‌ അനുസരണവും തുല്യമാണെങ്കില്‍ അല്ലാഹു അതും പറയേണ്ടതല്ലേ?. എന്താണു പറയാത്തതിന്റെ കാരണം?. വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത വാക്യത്തിലൂടെ വിമര്‍ശിക്കപ്പെട്ടവര്‍ മാര്‍പ്പാപ്പമാരെ മാത്രമോ ബിഷപ്പുമാരെ മാത്രമോ അനുസരിച്ചിരുന്നവരല്ല. ഒരു വശത്ത്‌ മാര്‍പ്പാപ്പയെ അനുസരിച്ചിരുന്നതിനു ഒപ്പം തന്നെ അവര്‍ റോമാ ചക്രവര്‍ത്തിമാരേയും അനുസരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അല്ലാഹു അവരെ ആക്ഷേപിച്ചിട്ടില്ല. മറിച്ച്‌ മതാദ്ധ്യക്ഷരെ അനുസരിച്ചതിനാലാണു അവരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞത്‌.
ഇവിടെയാണൂ ഹറാമിന്റേയും ഹലാലിന്റേയും 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും മാനദണ്ഡങ്ങള്‍ വേര്‍തിരിച്ച്‌ മനസ്സിലാക്കേണ്ടത്‌. ഒരാള്‍ ഒരു വാക്ക്‌ പറഞ്ഞത്‌ മൂലം മറ്റേയാള്‍ അതിനെ പാപമായോ അല്ലെങ്കില്‍ പുണ്യമായോ കണക്കാക്കുന്നുവെങ്കില്‍ അയാളെ റബ്ബാക്കലാണ്‌ ആ പ്രവൃത്തി. നേരെമറിച്ച്‌ ഭൗതികമായ കാരണങ്ങളാല്‍ ഒരാള്‍ ഒരു കാര്യം ചെയ്യരുതെന്നോ അല്ലെങ്കില്‍ ചെയ്യണമെന്നോ പറയുകയും, ആ ഭൗതികമായ കാരണങ്ങളാല്‍ മാത്രം മതത്തിനെതിരാവാത്ത വിധത്തില്‍ ആ കാര്യം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ചെയ്യുകയോ ആണെങ്കില്‍ ആ പ്രവൃത്തിയെ റബ്ബാക്കുക എന്ന്‌ പറയുകയില്ല. ഇതാണു ഹറാമിന്റേയും ഹലാലിന്റേയും, 'മസ്മൂഹ്‌'ന്റേയും 'മംനൂഅ'ന്റേയും ആശയങ്ങള്‍ തമ്മിലെ വ്യത്യാസം.
എന്നാല്‍ മാര്‍പ്പാപ്പമാരുടെ കാര്യം അങ്ങനെയല്ല. സന്താനനിയന്ത്രണം ഹലാലാണെന്ന്‌ മാര്‍പ്പാപ്പ ഇടയ ലേഖനമിറക്കിയാല്‍ ലോകത്തങ്ങോളമിങ്ങോളമുള്ള ക്രൈസ്തവര്‍ അത്‌ ഹലാലായി കണക്കാക്കും. ഹറാമെന്ന്‌ ലേഖനമിറക്കിയാല്‍ അത്‌ ഹറാമായി അവര്‍ കണക്കാക്കും. നേരെമറിച്ച്‌ ഇറ്റലിയിലേയും ഫ്രാന്‍സിലേയും മറ്റും ഭരണാധികാരികള്‍ ഒരു കല്‍പന പുറപ്പെടുവിച്ചാല്‍ അത്‌ ക്രൈസ്തവലോകം അംഗീകരിച്ചുകൊള്ളണമെന്നില്ല. ഹലാലും ഹറാമുമായി കണക്കാക്കുകയുമില്ല. രാജാവിന്റെ നിയമത്തോടുള്ള ബന്ധവും മാര്‍പ്പാപ്പയുടെ നിയമത്തോടുള്ള ബന്ധവും വ്യത്യസ്തമായതിനാലാണു ഇപ്രകാരം സംഭവിക്കുന്നത്‌.

* നിയമനിര്‍മാണത്തിന് അധികാരം വകവെച്ചുകൊടുക്കുന്നതും, ഇസ്ലാമേതര ഭരണാധികാരികള്‍ രാജ്യന• ഉദ്ദേശിച്ച് ഒരു നിയമം നിര്‍മിച്ചാല്‍ അത് അനുസരിക്കുന്നതിലെ പ്രായോഗിക സമീപനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇത്ര പ്രയാസമുണ്ടോ?.

പാപങ്ങള്‍ രണ്ടു വിധം. ഒന്ന്‌ സ്വയം ചീത്തയാവുന്നവ മറ്റൊന്ന്‌ സ്വയം ചീത്തയാവുന്നതോടൊപ്പം സമൂഹത്തേയും ചീത്തയാക്കുന്നവ. 'ഇസ്‌മ്‌' അഥവാ അധര്‍മ്മം ചെയ്തതിന്റെ പേരില്‍ മാത്രം ദുനിയാവില്‍ വച്ച്‌ അല്ലാഹു ആരേയും ശിക്ഷിക്കുന്നില്ല. തന്റെ ജീവിതത്തെ മാത്രം ബാധിക്കുന്ന മറ്റാരേയും ബാധിക്കാത്ത തെറ്റുകള്‍ സ്വകാര്യമായി ചെയ്യുന്നതില്‍ ഇടപെടാന്‍ ഇസ്‌ലാം ആരേയും അനുവദിക്കുന്നുമില്ല. ഉദാഹരണത്തിന്‌ സ്വകാര്യമായി വീട്ടില്‍ വച്ചു സ്‌ത്രീ പുരുഷന്മാര്‍ വ്യഭിചരിച്ചു എന്ന്‌ കരുതുക, മൂന്നാമതൊരാള്‍ അറിയാത്ത രീതിയില്‍. അതില്‍ ഇടപെടാന്‍ മതം അനുശാസിക്കുന്നില്ല. നേരെമറിച്ച്‌ സമൂഹത്തിന്റെ സദാചാര ഭദ്രതക്ക്‌ വിള്ളല്‍ ഉണ്ടാക്കുന്ന തരത്തില്‍ ഒരാള്‍ പരസ്യമായി വ്യഭിചരിക്കാന്‍ മുതിര്‍ന്നാല്‍ അത്‌ കേവലം പാപത്തിന്റെ കാര്യം മാത്രമല്ല. ആ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാന്‍ പ്രേരണ നല്‍കും വിധമുള്ള ക്രിമിനല്‍ കുറ്റവുമാണ്‌.
ആ ക്രിമിനല്‍ കുറ്റത്തെ തടയാന്‍ വേണ്ടിയാണു വ്യഭിചാരത്തിനു ഇസ്‌ലാം ശിക്ഷ വിധിച്ചത്‌. അതുപോലെ മോഷ്ടിക്കുക എന്നത്‌ സ്വയം മോശമാവുന്ന പ്രവൃത്തി എന്നതിലുപരി അന്യന്റെ ഭദ്രതയെ തുരങ്കം വക്കുന്ന പണിയാണ്‌. ആ ഭീഷണിയെ തടയേണ്ടത്‌ സമൂഹത്തിന്റെ ബാധ്യതയാണ്‌. അതിനു വേണ്ടിയാണ്‌ മോഷണത്തിനു കൈമുറിക്കാന്‍ ഇസ്‌ലാം നിയമം വച്ചത്‌. ഭൗതിക ലോകത്തിലെ സകല ഇസ്‌ലാമിക ശിക്ഷാ രീതികള്‍ക്കും ആധാരം മനുഷ്യന്‍ സ്വയം തെറ്റു ചെയുന്നത്‌ തടയുക എന്നതല്ല, മറിച്ച്‌ സമൂഹത്തെ ശാരീരികമായോ സാമ്പത്തികമായോ സാംസ്കാരികമായോ സദാചാരപരമായോ ദ്രോഹിക്കുന്നതില്‍ നിന്ന്‌ തടയാന്‍ വേണ്ടിയാണ്‌. വ്യഭിചാരത്തിനുള്ള പടച്ചവന്റെ ശിക്ഷ നരകശിക്ഷയാണ്‌. എന്നാല്‍ 100 അടി അടിക്കുകയോ കല്ലെറിയുകയോ എന്ന ഭൗതിക ശിക്ഷ മുസ്‌ലിം ഭരണകൂടം നടത്തുന്നത്‌ വ്യഭിചരിച്ചതിനുള്ള ശിക്ഷ ആയിട്ടല്ല. നേരെമറിച്ച്‌ പരസ്യമായി വ്യഭിചരിക്കുകയും, ഈ സമൂഹത്തെ സദാചാരപരമായി തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിട്ടാണ്‌.

*ഇസ്ലാം ശിക്ഷവിധിച്ചതെന്തിന് എന്നകാര്യത്തില്‍ മേല്‍പറയപ്പെട്ടകാര്യങ്ങളോട് ഒരു വിയോജിപ്പുമില്ല. സമൂഹത്തിന്റ സുരക്ഷയാണ് ഇസ്ലാം ക്രിമിനല്‍ ശിക്ഷകളിലൂടെ ലക്ഷ്യമാക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്. ഇതിലാര്‍ക്കാണ് എതിര്‍പ്പ്. സമൂഹത്തിന്റെ സുരക്ഷ കുറ്റമറ്റതാകാന്‍ മനുഷ്യന് ഉപയോഗപ്പെടുത്താവുന്ന നിയമമാണ് ഇസ്ലാമിന്റെത് എന്ന് പറഞ്ഞാല്‍ വലിയ അപരാധമായി മാറുന്നതെങ്ങനെ?.

(തുടരും)
Share:

1 അഭിപ്രായം:

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.