ശബാബുകാരുടെ ഇസ്ലാമിക രാഷ്ട്രീയം ഒരു മിഥ്യ.

ശബാബ് വാരിക 28 ജൂലായ് 2000, എഡിറ്റോറിയലില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും എന്ന വിഷയം കൈകാര്യം ചെയ്യുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളും വിയോജിപ്പുകളും ഇവിടെ കുറിച്ച് വെക്കുന്നു. ചോദ്യോത്തര രൂപത്തില്‍ നല്‍കിയ ഈ എഡിറ്റോറിയലിനപ്പുറം ഒരു രാഷ്ട്രീയം മുജാഹിദ് സംഘടക്കില്ല എന്ന് നമ്മുക്കുറപ്പിക്കാം. എങ്കില്‍ ഇത് പൂര്‍ണമായ ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ സമീപനമാണോ നമ്മുക്ക് പരിശോധിക്കാം. എഡിറ്റോറിയലിലേക്ക്...
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്‌? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്‌ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക്‌ ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന്‌ ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത്‌ ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.

പ്രതികരണം , എളുപ്പം ഉത്തരം പറയാന്‍ പാകത്തില്‍ ചില ചോദ്യങ്ങളാണ് ഇതില്‍ കാണുന്നത്. മുജാഹിദുകളോട് ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്നത് ജമാഅത്തു പ്രവര്‍ത്തകരാകാനാണ് സാധ്യത. ഇസ്ലാഹി പ്രവര്‍ത്തകരുടെ നേരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രയോഗം തന്നെ  ചോദ്യങ്ങള്‍ പുറത്ത് നിന്നാണെന്ന്
സൂചിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന നിലക്കും അവരുടെ പുറമെ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിത്യേനകാണുന്നവനെന്ന നിലക്കും ഈ ചോദ്യങ്ങളുടെ ഉത്തരമല്ല എനിക്ക് ലഭിക്കേണ്ടത് അത് അവസാനം പറയാം ആദ്യമായി ഇവിടെനല്‍കിയ ഉത്തരങ്ങളെ പരിശോധിക്കാം.
ഏത്‌ വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ മൊത്തത്തിലുള്ള നിലപാടും ഇതുതന്നയാണ്. ഒരു പണ്ഡിതന്റെയോ നേതൃസഭയുടെ വീക്ഷണങ്ങളിലേക്കല്ല ജമാഅത്തും ആളുകളെ ക്ഷണിക്കുന്നത്. മറിച്ച് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ബോധ്യമായ വസ്തുതകളിലേക്കാണ്. അവിടെ തീരുമാനം അല്ലാഹുവിനും അവന്റെ ദൂതനും വിട്ടുകൊടുത്തിരിക്കുന്നു. പൂര്‍ണമായും. എന്നാല്‍ ഇവിധം വാദം ഉന്നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് അര്‍ഹതയുണ്ടോ എന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ ശാഖോപശാഖകളായ ഏത് കാര്യവും അതിന്റെ അടിസ്ഥാന ആദര്‍ശവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടതാണ്. ഒരു വൃക്ഷത്തിലെ ശിഖരങ്ങളെ പോലെ അത് അതിന്റെ മുരടും വേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം വേര്‍പ്പെട്ടാല്‍ പ്രസ്തുത ശിഖരം ഉണങ്ങി നശിച്ച് പോകും. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായ മുഴുവന്‍ കാര്യങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ഇവിടെ കാണുന്നത് പോലെ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടെന്ന് ചില ഭാഗം വിട്ടുപോകുന്നു. ഉദാഹരണം ഇവിടെ തന്നെ നോക്കുക.
'ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം.' ഇത് ഒരു ചാട്ടമാണ്. അതിന് മുമ്പ് ചില കാര്യങ്ങല്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകളില്‍നിന്നല്ല ഈ ചര്‍ച തുടങ്ങേണ്ടത്. ഈ വിഷയത്തിലല്ല ജമാഅത്ത് മുജാഹിദ് തര്‍ക്കം. രാഷ്ട്രീയം എന്ന വിഷയം എങ്ങനെ നമ്മുടെ ആദര്‍ശവുമായി ബന്ധപ്പെടുന്നുവെന്നതാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനേകം സൂക്തങ്ങളുമായി ഇവയെ ബന്ധിപ്പിച്ച് ഒരു നിയതമായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപ്പെടുന്ന രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് താല്‍പര്യം കാണുന്നില്ല. മറിച്ച് ഭരണാധികാരിയുടെയും ഭരണീയരുടെയും ബാധ്യതകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്.

അതിന് പുറമെ ഖണ്ഡികയുടെ തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീയ തീരുമാനം ഇസ്ലാമിന്റെ അടിത്തറകളില്‍നിന്ന് കൊണ്ട് എടുക്കാറുണ്ട്. അത് ജമാഅത്ത് പണ്ഡിതരടങ്ങുന്ന കൂടിയാലോചന സമിതിയില്‍ ചര്‍ച ചെയ്താണ് കൈകൊള്ളുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്ന തീരുമാനം നടപ്പാക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. ഇത്തരം നടപടിക്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനം എടുക്കാറില്ല. അതിനാല്‍ ജമാഅത്ത് എടുക്കുന്ന ശൈലിയിലേക്ക് വ്യഗ്യമായി സൂചന നല്‍കി വളരെ തെറ്റായ ഒരു ആശയം അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ശബാബ് വീണ്ടും അപ്രകാരം പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സാധാരണയായി മുജാഹിദ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അവരുടെ തൃപ്തിക്കനുസരിച്ച് മറ്റേത് മതവിഭാഗത്തേയും പോലെ പ്രവര്‍ത്തിച്ച് വരികയാണ്. അത്തരം ഒരാള്‍ക്ക് ഈ പറഞ്ഞ നിബന്ധന പാലിക്കാന്‍ കഴിയുമോ '`അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.'

ഇത് സ്വന്തം മതസംഘടനയിലെ രാഷ്ട്രീയപാര്‍ട്ടിക്കാരെ സംബന്ധിച്ചാണ് പറയുന്നതെങ്കില്‍ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് പുറത്താക്കേണ്ടിവരും. എന്താണ് രാഷ്ട്രീയ വിഷയത്തില്‍ അല്ലാഹുവും അവന്‍റെ റസൂലും വിധിച്ചിട്ടുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യം ഉയര്‍ത്തിയാല്‍ അതിന് സത്യസന്ധമായ മറുപടി പറയാന്‍ മുജാഹിദ് നേതൃത്വത്തിന് കഴിയുമോ?. ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും എന്താണ് വിധിച്ചിട്ടുള്ളത് എന്ന് വളരെ വ്യക്തമായി ജമാഅത്തെ ഇസ്ലാമി അണികളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ മൌദൂദിയുടെ കണ്ടുപിടുത്തം എന്ന നിലക്ക് തള്ളിക്കളയുകയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തു വരുന്നത്. അവരാകട്ടെ അത് പറയുന്നുമില്ല. ഈ ലേഖനത്തിലും ജമാഅത്ത് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിന്റെ അത്തരം അധ്യാപനങ്ങളെ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനപ്പുറം കടക്കുന്നില്ല എന്നത് ദുഖകരമാണ്.
സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത്‌ കാലപ്പഴക്കം കൊണ്ട്‌ വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക്‌ പറ്റില്ല എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അത്‌ തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട്‌ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.

ശ്രദ്ധിച്ച് വായിക്കുക. ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. മറിച്ച് എന്താണ് ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറഞ്ഞുകൊടുക്കാതെ അത് ചെയ്യാത്തവര്‍ അനിസ്ലാമിക പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത്‌ ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്‌. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ്‌ നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. അയാളൂടെ മനോഭാവമനുസരിച്ച്‌ ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത്‌ ഏത്‌ നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട്‌ യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന്‌ അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.

വീണ്ടും വിഷയം ചാടിക്കടക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം മുസ്ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണോ എന്നതിനേക്കാള്‍ ഒരു മുസ്ലിമിന് പിന്തുടരേണ്ടുന്ന വല്ല രാഷ്ട്രീയഅധ്യാപനങ്ങളും ഇസ്ലാമിലുണ്ടോ എന്നതാണ്. അതുകൊണ്ട് ശബാബിന്റെ ഈ ഖണ്ഡിക തര്‍ക്ക വിഷയത്തില്‍ അനാവശ്യമാകുന്നു.
ഇങ്ങനെയൊക്കെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത്‌ വിഷയത്തിലാണ്‌ സയ്യിദ്‌ മൌദൂദിയുടേയും സയ്യിദ്‌ ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട്‌ വിയോജിപ്പുള്ളത്‌? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്‌. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുണ്ട്‌. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത്‌ ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌. രാജവാഴ്‌ച ഏകദൈവത്വത്തിന്‌ വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌.
ചോദ്യത്തില്‍നിന്ന് സയ്യിദ് മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഈ വിഷയത്തിലുള്ള വിശദീകരണം മനസ്സിലായിട്ടില്ല എന്ന് വ്യക്തമാകുന്നു. അദ്ദേഹം തന്നെ ഉത്തരം പറയുന്നതില്‍നിന്ന് അത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനം പറയുന്നത് തര്‍ക്കമില്ലാത്ത ചില കാര്യങ്ങള്‍ എന്നാല്‍ അതിന് മുമ്പ് പറയേണ്ട പല കാര്യങ്ങളും അവര്‍ പറഞ്ഞില്ല. അത് പറഞ്ഞതിന്റെ പേരില്‍ മൌദൂദിയോട് അവര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ വിയോജിച്ച കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അപ്പോള്‍ പോലും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇനി തങ്ങളുടെ അപക്വവും അപൂര്‍ണവുമായ നിലപാടിന് തെളിവ് തേടുന്ന പണിയാണ് ബാക്കിയുള്ളത് അതുകൂടി കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . ഇതൊക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് പോകാം എന്നതല്ലാതെ നെറ്റിലെ നേരിട്ടുള്ള ചര്‍ചയില്‍ ഒരു സ്ഥാനവും ഇല്ല.

(തുടരും)
Share:

2 അഭിപ്രായങ്ങൾ:

  1. നെറ്റില്‍ ഏതെങ്കലും മുജാഹിദ് പണ്ഡിതന്മാരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ തങ്ങളുടെ പ്രതികരണം വ്യക്തമാക്കാം...

    മറുപടിഇല്ലാതാക്കൂ
  2. രാഷ്ട്രീയവും ഭരണവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യമാണല്ലോ നിയമനിര്‍മ്മാണാവകാശം. ഈ വിഷയത്തില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് മുജാഹിദുകള്‍ക്കുണ്ടോ എന്നത് തന്നെ സംശയാസ്പദമാണ്‌.

    ‎”മതസംബന്ധമായ നിയമനിര്‍മ്മാണത്തിനുള്ള അധികാരം അല്ലാഹുവിന്‌ മാത്രമാണ്‌. അതില്‍ മറ്റു വല്ലവരെയും പങ്കു ചേര്‍ക്കുകക എന്നത് ശിര്‍ക്കാകുന്നു. ബഹുദൈവ വിശ്വാസമാകുന്നു.”
    (പേജ് 49, ഇബാദത്തും ഇത്വാഅത്തും കെ.പി. മുഹമ്മദ് മൌലവി)

    “വ്യഭിചാരിണിയും വ്യഭിചാരിയും, ഇവരില്‍ ഓരോരുത്തരേയും നൂറുവീതം അടിക്കുക. അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തില്‍ അവരോടുള്ള ദാക്ഷിണ്യം നിങ്ങളെ ബാധിക്കാതിരിക്കട്ടെ -….” (ഖുര്‍ആന്‍ 24/2)

    ‘മതനിയമം നിര്‍മ്മിക്കാനുള്ള അവകാശം’ എന്നതുകൊണ്ട് ‘ദീനിലെ നിയമനിര്‍മ്മാണാവകാശം’ എന്നാണുദ്ദേശ്യമെങ്കില്‍ 24/2 ല്‍ പറഞ്ഞ നിയമവും ‘മതനിയമത്തിന്റെ’ പരിധിയില്‍ തന്നെ പടുകയില്ലേ?

    അപ്പോള്‍ മതകാര്യം വേറെ; പൊതുകാര്യം വേറെ എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്‌?

    * ഖുര്‍ആന്‍ 24/2 ല്‍ പറഞ്ഞ ദീനീ നിയമം, മുജാഹിദുകളുടെ മതനിയമപരിധിക്ക് അകത്തോ പുറത്തോ?

    മറുപടിഇല്ലാതാക്കൂ

Popular Posts

CKLatheef. Blogger പിന്തുണയോടെ.

Recent Posts

Pages

About Me

എന്റെ ഫോട്ടോ
നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി.